കോഴിക്കോട് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ

10:01am 13-JAN-2024

കോഴിക്കോട് കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നാലെ ഇയാൾ പൊലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അ​ഗസ്ത്യൻ ജോസഫിൻ്റെ  ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവമ്പാടി പൊലീസ് കേസെടുത്തു. അ​ഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് വിവരം. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.